• Fri. Dec 27th, 2024

True News Live

Reg. No: UDYAM-KL-06-0032415

പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം

കൊച്ചി: പെരുമ്പാവൂര്‍ ഒക്കല്‍ കാരിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പൂട്ടിക്കിടക്കുന്ന റൈസ് മില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി. നെറ്റിയില്‍ നീളത്തില്‍ മുറിവും, തലക്ക് കുറുകേ മറ്റൊരു മുറിവും ഉള്ളതായി പൊലീസ് അറിയിച്ചു.

ഒക്കല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കാരിക്കോട് പ്രദേശത്ത് നാളുകളായി അടഞ്ഞുകിടക്കുന്ന രോഹിണി റൈസ് മില്‍ കെട്ടിടത്തോട് ചേര്‍ന്നുള്ള കാടുപിടിച്ച പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പുരുഷന്റെ മൃതദേഹം ആണെന്ന് മനസ്സിലായെങ്കിലും ആളെ തിരിച്ചറിയാനായില്ല.

പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് പൂട്ടിക്കിടന്ന റൈസ് മില്‍ കെട്ടിടത്തിന്റെ ഉള്ളില്‍ രക്തക്കറ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയ്ക്ക് കുറുകെ മുറിവും, നെറ്റിയില്‍ ആഴത്തില്‍ മുറിവും ഉണ്ടെന്ന് മനസ്സിലായത്. ഇതാണ് കൊലപാതകം എന്ന സംശയം ബലപ്പെടാന്‍ കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ഉടന്‍ നടത്തും. ആളെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം എളുപ്പമാകും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഒരാഴ്ചയ്ക്ക് മുന്‍പാണ് പെരുമ്പാവൂര്‍ നഗരത്തിലെ അടഞ്ഞുകിടന്ന കടമുറിക്കുള്ളില്‍ മറ്റൊരു അജ്ഞാതമൃതദേഹവും കണ്ടെത്തിയത്.