കേരളീയത്തിലെ മീഡിയ എക്‌സിബിഷൻ ‘ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ടി’ നു തുടക്കം. കേരളത്തിലെ മാധ്യമപുരോഗതിയുടെ നാൾവഴികൾ, വാർത്താ നിമിഷങ്ങൾ, വികസനത്തിന്റെ അതുല്യ വഴികൾ എന്നിവയുടെ പ്രദർശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദർശനവും ഉൾക്കൊള്ളുന്ന മീഡിയ എക്‌സിബിഷൻ ഉദ്ഘാടനം ടാഗോർ തിയറ്റർ പരിസരത്ത് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
‘ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട്’ എന്ന പേരിൽ പരമ്പരാഗത- നവമാധ്യമ രീതികളെ പുനർനിർവചിക്കുകയാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ പ്രദർശനം ലക്ഷ്യമിടുന്നത്. പഴയകാലത്തെ ടൈപ്പ്‌റൈറ്റർ, ക്യാമറ മുതൽ എ.ഐ, വി ആർ തുടങ്ങിയ സംവിധാനങ്ങൾ വരെ പ്രദർശത്തിനുണ്ട്. മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാനനിക്ഷേപം തുടങ്ങിയ പത്രങ്ങളുടെ ആദ്യകാല ലക്കങ്ങൾ, ഒ.വി. വിജയൻ, ആർ. ശങ്കർ, അരവിന്ദൻ തുടങ്ങിയ പ്രമുഖരുടെ കാർട്ടൂണുകൾ, രാജ്യാന്തര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാർത്തകൾ, പ്രമുഖ ഫോട്ടോഗ്രാഫറായ നിക്കുട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം, കേരളപ്പിറവി സമയത്തെ അത്യപൂർവ്വ പത്ര കട്ടിങ്ങുകൾ, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങൾ, കോമിക് ബുക്ക് ഡിജിറ്റൽ ആർട്ട്, എൻ എഫ്ടി ആർട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്. സബിൻ ഇക്ബാലാണ് ക്യുറേറ്റർ.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, ഐ.പി.ആർ.ഡി. അഡീഷണൽ ഡയറക്ടർമാരായ അബ്ദുൾ റഷീദ്, വി. സലിൻ, കെ.ജി. സന്തോഷ് എന്നിവർ പങ്കെടുത്തു.