• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

‘മകളിലൂടെ എന്നിലേക്ക് എത്താനാണ് നോക്കിയത്, പിണറായി വിജയനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്ക് എത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഏജന്‍സിയുടെ വാക്കുകളെ വിശ്വസിച്ചാണല്ലോ നിങ്ങള്‍ ഇതൊക്കെ പറയുന്നത്. ഏജന്‍സി എന്തിനാണ് ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനം എടുത്ത് ഉപയോഗിക്കുന്നത്. പ്രൊഫഷണല്‍ ആയ ഒരു ഏജന്‍സി ആണെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ടാണ് സംസാരിക്കേണ്ടത്. ഇത് ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയേണ്ടത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ആളെ പറയലല്ല, അതിലൂടെ എന്നിലേക്ക് എത്തലാണ് ഉദ്ദേശം.’ മുഖ്യമന്ത്രി വിശദീകരിച്ചു.

മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘എത്ര പി വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. മാസപ്പടി വിവാദത്തിലെ രാഷ്ട്രീയം മനസ്സിലാക്കണം. അത് മനസ്സിലാക്കാന്‍ കഴിയാത്തവരല്ല മാധ്യമ പ്രവര്‍ത്തകര്‍ എന്ന് താന്‍ വിചാരിക്കുന്നില്ല. എന്നാല്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ നിങ്ങള്‍ മറച്ചുവെക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ സിഎംആര്‍എല്ലിന്റെ വാദം ഏറ്റുപിടിക്കുകയാണ്. ഒന്നും മറച്ചുവെച്ച കണക്ക് അല്ല. അവരുടെ വാദം സാധൂകരിക്കലാണ് നിങ്ങള്‍ ചെയ്യുന്നത്. എങ്ങനെയൊക്കെ പിണറായി വിജയനെ അങ്ങ് ഇടിച്ച് താഴ്ത്താന്‍ പറ്റുവോ, അതിനുള്ള ശ്രമത്തിലാണല്ലോ നിങ്ങള്‍. എങ്കില്‍ അങ്ങനെ നോക്ക്. അതിന് കുടുംബാംഗങ്ങളെ കൂടി ഉപയോഗിക്കുകയാണ്. അതിന്റെ ഭാഗമായി തകര്‍ന്നുപോകുന്നയാളല്ല താന്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്’, മുഖ്യമന്ത്രി പ്രതികരിച്ചു. ദല്ലാള്‍ നന്ദകുമാറിന് തന്നെ കാണേണ്ട ആവശ്യം എന്താണ്. ഇറക്കി വിട്ട ആള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരുമോയെന്നും മന്ത്രി ചോദിച്ചു.