• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

വിപ്ലവേതിഹാസത്തിന് 100 വയസ്സ് : വി എസിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് സിപിഐഎം പുനലൂർ ഏരിയാ കമ്മിറ്റി

പുനലൂർ: രാജ്യത്തെ സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസ് അച്ചുതാനന്ദൻ നൂറിന്റെ നിറവിൽ. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. 2023 ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന് 100വയസ്സ് പൂർത്തിയായത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുൻപ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പുന്നപ്ര വയലാർ സമരത്തിന്റെ നേതൃനിരയിൽ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദൻ. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണിൽ നാലുതലമുറകളെ ആവേശപൂർവ്വം നയിച്ച നേതാവ് എന്ന ബഹുമതിയും വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും.

പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ചവിട്ടിനിന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ന്യൂ ജനറേഷൻ യൗവ്വനങ്ങൾക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകർന്ന് നൽകി പടയോട്ടം നടത്താൻ വി.എസ് എന്ന പോരാളിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്

വിഎസ്സിന്റെ നൂറാം ജന്മദിനം വളരെ ആവേശത്തോടെയാണ് പാർട്ടി പ്രവർത്തകരും വിഎസ്സിനെ സ്നേഹിക്കുന്നവരും ആഘോഷിച്ചത്. സിപിഐഎം പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി എസ് ബിജു കേക്ക് മുറിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ എസ്എഫ്ഐ ഭാരവാഹികളും ആഘോഷത്തിൽ പങ്കു ചേർന്നു.

കരവാളൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എൻ രാജേഷ് കേക്ക് മുറിച്ചു. ഡിവൈഎഫ്ഐ, സിഐടിയു, ബാലസംഘം പ്രവർത്തകരും പാർട്ടി അംഗങ്ങളും പങ്കെടുത്തു.