• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂര്‍ : പിഎഫ്ആർഡിഎ നിയമം പിൻവ ലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന നവംബർ മൂന്നിലെ ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള തെക്കൻ മേഖലാ വാഹനജാഥ പര്യടനം തുടങ്ങി.

എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ക്യാപ്ടനായ ജാഥ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പുനലൂരില്‍ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ, കോൺഫെഡറേഷൻ എന്നിവയുടെ സംയുക്ത നേതൃത്വ ത്തിലാണ് ജാഥ. യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സജി അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ കോൺഫെഡ്റേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് പി കെ മുരളീധരൻ, ജാഥാ മാനേജർ കെ.സ്.ടി.എ സംസ്ഥാന സെക്രട്ടറി എ നജീബ്, ജാഥാ അംഗങ്ങളായ വി കെ ഷീജ, ടി സുബ്രഹ്മണ്യൻ, കെ വി മനോജ് കുമാർ, നാഞ്ചല്ലൂർ ശശികുമാർ എന്നിവർ സംസാരിച്ചു.

ജാഥ ചൊവ്വ രാവിലെ 10ന് കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു മുന്നിൽ ആരംഭിക്കും. 11ന് കൊല്ലം സിവിൽ സ്റ്റേഷനു സമീപം, 12ന് കോർപറേഷനു സമീപം ക്യുഎസി റോഡ്, രണ്ടിന് കൊട്ടിയം ജങ്ഷൻ, മൂന്നിന് കുണ്ടറ മുക്കട എന്നിവടങ്ങളിൽ പര്യടനം നടത്തി 4.30ന് കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ സമാപിക്കും. തുടർന്ന് ജാഥ തിരുവനന്തപുരം ജില്ലയിൽ പര്യട നം നടത്തും. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷനും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സും സംയുക്തമായാണ് ദില്ലി മാർച്ച് സംഘടിപ്പിക്കുന്നത്.