ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരുന്ന എറണാകുളം, തൃശൂർ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർക്ക് സമൻസ് അയക്കാൻ വിവരാവകാശ കമ്മീഷണർ എ എ ഹക്കിം ഉത്തരവായി. തൃശൂർ ആറങ്ങോട്ടുകര പി പി ശബീറിൻ്റെ പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകാൻ കമ്മീഷണർ ഉത്തരവിട്ടത്. തൃശൂർ, പാലക്കാട് ജില്ലകളിലെ രണ്ടാം അപ്പീൽ പരാതികളിൽ കിലയിൽ വച്ച് നടന്ന തെളിവെടുപ്പിലാണ് കമ്മീഷണറുടെ നടപടി.

മറ്റൊരു പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാതിരുന്ന പഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്ററിലെ വിവരാവകാശ ഓഫീസർ അബ്ബാസിനും ഈ മാസം 18 ന് തിരുവനന്തപുരത്ത് കമ്മീഷനു മുമ്പിൽ ഹാജാരാകാൻ സമൻസ് അയക്കും.

വിവരാവകാശ അപേക്ഷ നൽകിയ മുളങ്കുന്നത്തുകാവ് സ്വദേശി സി ആർ സുകു, തൃശൂർ സഹകരണ ജോയിൻ്റ് രജിസ്‌ട്രാർ ജനറൽ ഓഫീസിൽ നേരിട്ടെത്തുന്ന മുറയ്ക്ക് അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു.
കുന്നംകുളം ഭൂരേഖാ തഹസിൽദാറും സംഘവും 15 ദിവസത്തിനകം സി ഒ ജോയി എന്നയാളുടെ ആളൂർ വില്ലേജിലെ സ്ഥലം സന്ദർശിച്ച് ഭൂമിയുടെ കൃത്യമായ സ്കെച്ചിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.
തൃശൂർ ജില്ലയിലെ15 കേസുകളാണ് കമ്മീഷൻ തെളിവെടുപ്പിൽ പരിഗണിച്ചത്. ഇവയിൽ 13 എണ്ണം തീർപ്പാക്കി.