കൊച്ചി: വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. മുല്ലശ്ശേരി കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് കോടതി നിർദേശിച്ചു. 2018-ലെ പുതുക്കിയ പദ്ധതി തുക അനുസരിച്ച് നിര്‍മ്മാണം തീര്‍ക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുള്ള ഇടങ്ങളിലെ റെയില്‍വേ കലുങ്കുകള്‍ ഉടന്‍ വൃത്തിയാക്കണം.
ഹോട്ടല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെ തെരുവിലും കനാലിലും വലിച്ചെറിയുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കണം. മാധവ ഫാര്‍മസി മുതല്‍ ഡിസിസി ജംഗ്ഷന്‍ വരെയുള്ള കാനയുടെ നിര്‍മ്മാണ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. ഇതിന് കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം കൈമാറണമെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം.
താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് നിലനില്‍ക്കുന്നതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കി. വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ട് ഒരുമണിക്കൂറിനുള്ളില്‍ മാറും. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര പരിഹാര ശ്രമത്തിനായി 16 മോട്ടോറുകള്‍ ഘടിപ്പിച്ചുവെന്നുമാണ് കൊച്ചി കോര്‍പ്പറേഷന്‍ നല്‍കിയ വിശദീകരണം.