• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി

മലപ്പുറം: മന്ത്രി വീണാ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. താൻ പറഞ്ഞതിൽ സാധനം എന്ന വാക്ക് പിൻവലിക്കുന്നതായി കെ എം ഷാജി പറഞ്ഞു. അന്തവും, കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കും. ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല എന്നും കെ എം ഷാജി പറഞ്ഞു.

സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ‌ ശ്രീമതി ടീച്ചർക്ക് തെറ്റിദ്ധാരണയുണ്ടായി. എം എം മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ലെന്നും കെ എം ഷാജി പറഞ്ഞു. കെ എം സി സി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് പ്രതികരണം.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസം​ഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോ​ഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ആരോ​ഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചർ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റർ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലിം ലീ​ഗ് വേദിയിൽ സംസാരിക്കവെ കെ എം ഷാജി പറഞ്ഞിരുന്നു. പരാമർശം വിവാദമാകുകയും കെ എം ഷാജിക്ക് നേരെ രൂക്ഷമായ വിമർശനങ്ങളുയരുകയും ചെയ്തിരുന്നു.