ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ്) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 9 വരെ ദീർഘിപ്പിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്. 1000 രൂപയാണ് സ്കോളർഷിപ്പ് അവാർഡായി നൽകുന്നത്. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.