• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ തീയതി ദീർഘിപ്പിച്ചു

സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചു.

2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം നൽകുന്നത്. ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.