• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

ആത്മഹത്യ പ്രതിരോധ പ്രവർത്തനത്തിന് ശാസ്ത്രീയ പഠനറിപ്പോർട്ടുമായി യുവജന കമ്മീഷൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി

യുവജനങ്ങൾക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ  ശാസ്ത്രീയ പഠനം നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറി. യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതിനാഥ്, കമ്മീഷൻ അംഗം വി.എ. വിനീഷ്, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, റിസേർച്ച് ടീം ചെയർമാൻ ഡോ. എം.എസ്. ജയകുമാർ, അഡ്മിനിട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, എന്നിവർ പങ്കെടുത്തു.

           യുവതയുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തി ആത്മഹത്യയെ ചെറുക്കാനായി നവംബർ 20നാണ് സമഗ്ര പഠനം തുടങ്ങിയത്. 18 മുതൽ 45വരെ വയസ്സുള്ളവരിൽ അഞ്ചുവർഷത്തിനിടെ നടന്ന ആത്മഹത്യകൾ പഠനവിധേയമാക്കി. എല്ലാ ജില്ലകളിലുമായി 800ൽ അധികം ആത്മഹത്യകളെ സംബന്ധിച്ച് വിദഗ്ധസംഘം ശാസ്ത്രീയ പഠനം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 195 എംഎസ്ഡബ്ലൂ, സൈക്കോളജി വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം. ലോകത്താകെ യുവജനങ്ങൾക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സമാന അനുഭവങ്ങൾ പഠിച്ച് പരിഹാര മാർഗം നിർദേശിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.

           യുവജന കമീഷൻ മുൻകൈയെടുത്ത് ആദ്യമായാണ് ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്മീഷൻ. മുഴുവൻ ജില്ലകളിലും സർവകലാശാലകളിലും ആത്മഹത്യ പ്രതിരോധത്തിനായി സെമിനാറുകളും ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് ദേശീയ സെമിനാറും സംഘടിപ്പിക്കും.