• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

‘ഓർമ്മത്തോണി’യ്ക്ക് 92 ലക്ഷം അനുവദിച്ചു: മന്ത്രി ഡോ. ബിന്ദു

സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയായ ‘ഓർമ്മത്തോണി’യ്ക്ക്  92 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

2023-24 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും. ഡിമെൻഷ്യ ബാധിതർക്കുള്ള വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കും.

കേരളത്തിൽ വയോജനങ്ങൾക്കിടയിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കുന്നതിനാലാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന കേരളത്തിൽ ഓർമ്മത്തോണി അഥവാ അൽഷിമേഴ്‌സ് സൗഹൃദ കേരളം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.