• Wed. Jan 1st, 2025

True News Live

Reg. No: UDYAM-KL-06-0032415

ദേശീയ അംഗീകാര നിറവിൽ നിപ്മർ

  • നിപ്മറിലെ ബിരുദ പ്രോഗ്രാമിന് ദേശീയ അക്രഡിറ്റേഷൻ: മന്ത്രി ഡോ. ആർ ബിന്ദു നിപ്മറിലെ ഒക്യുപേഷണൽ ബിരുദ പ്രോഗാമിന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷൻ അക്രെഡിറ്റേഷൻ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് AIOTA അംഗീകാരം ലഭിക്കുന്നത്.
     ഒക്യുപേഷണൽ തെറാപ്പി മേഖലയിൽ പ്രവർത്തിക്കുന്ന പ്രോഫഷണലുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഒക്യുപേഷണൽ തെറാപ്പി വിദ്യാഭ്യാസത്തിൻറെ നിലവാരം നിശ്ചയിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് AIOTA. ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ ലോക ഫെഡറേഷൻറെ (WFOT) സ്ഥാപകാംഗം കൂടിയാണ് AIOTA.  AIOTA അംഗീകാരം ഉള്ള സ്ഥാപനങ്ങൾക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഒക്യൂപേഷണൽ തെറാപ്പിസ്റ്റ് (WFTO) അംഗീകാരവും ലഭിക്കും. AIOTA/ WFTO അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ബിരുദമെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അന്താരാഷ്ട്ര തലത്തിൽ പ്രാക്ടീസ് ചെയ്യാൻ കഴിയൂ.

     ദേശീയതലത്തിലും അന്തർദേശീയതലത്തിലും നല്ല പ്രാധാന്യവും ആവശ്യവുമുള്ള പ്രൊഫഷനാണ് ഒക്യുപേഷണൽ തെറാപ്പി എന്നതിനാൽ, നിപ്മറിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ, അന്തർദേശീയ തലത്തിൽ പ്ലെയ്‌സ്‌മെന്റ് ലഭിക്കാൻ ഈ അംഗീകാരം കൂടുതൽ സഹായകമാകും. കൂടാതെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാൻ AIOTA/ WFTO അക്രെഡിറ്റേഷനുള്ള സ്ഥാപനത്തിൽ പഠനം പൂർത്തീകരിക്കേണ്ടതുണ്ടെന്നതുകൊണ്ടും ഈ അംഗീകാരം വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്പെടും.

     ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് ആവശ്യമായ പിന്തുണ നൽകി ദൈനം ദിന പ്രവർത്തനങ്ങൾ സ്വന്തമായി ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്ന പുനരധിവാസ ചികിത്സാ വിഭാഗമാണ് ഒക്യുപേഷണൽ തെറാപ്പി. ഒരു വ്യക്തിയെ സമഗ്രതയിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഒക്യുപേഷണൽ തെറാപ്പിയിലൂടെ നിർവഹിക്കുന്നത്. വ്യക്തിയുടെ ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ (Sensory Integration Issues), സൂക്ഷ്മ ചലനങ്ങൾ, അനുയോജ്യവും ഫലപ്രദവുമായ ഉപകരണങ്ങൾ (Ergonomic Design) വികസിപ്പിക്കൽ, രൂപമാറ്റം വരുത്തൽ എന്നിവയും ഈ പ്രൊഫഷൻ ഏറ്റെടുക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ്.

     ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പി വിദ്യാഭ്യാസത്തിന് എഴുപതുവർഷത്തെ പഴക്കമുണ്ടെങ്കിലും കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി പ്രോഗ്രാം ആരംഭിച്ചത്

2020 ൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നിവിടങ്ങളിലാണ്.

     സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാൽ ബഹദൂർ ശാസ്ത്രി സെന്റർ (എൽ.ബി.എസ്) തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവേശനം നൽകുന്നത്. നാലര വർഷം ദൈർഘ്യമുള്ള കോഴ്‌സ് കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് നടത്തുന്നത്. നാലാം ബാച്ചിന്റെ പ്രവേശന നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.

     കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായി മികച്ച പ്രവർത്തനത്തിന് സംസ്ഥാന ഭിന്നശേഷി പുരസ്‌ക്കാരം നേടിയ സ്ഥാപനമായ നിപ്മറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം സാമൂഹ്യനീതി വകുപ്പ് ഏറ്റവും അഭിമാനപൂർവ്വം നെഞ്ചേറ്റുകയാണ്. നിപ്മറിനെ അന്തർദേശീയ നിലവാരമുള്ള  മികവിന്റെ കേന്ദ്രമാക്കി വളർത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടമെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.