പാലക്കാട് : ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ചുരുങ്ങിയത് 10 കുട്ടികളെ എങ്കിലും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുട്ടികളുടെ ഹരിതസഭയിലൂടെ ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യപരിപാലന നിരീക്ഷണം നടക്കും. നവംബര്‍ 14 ന് ആണ് ജില്ലയില്‍ ഹരിതസഭ നടക്കുക. ഗ്രാമപഞ്ചായത്ത്/നഗരസഭകളിലെ നിലവിലുള്ള മാലിന്യ പരിപാലന സംവിധാനം നിരീക്ഷിച്ച് ഹരിതസഭയില്‍ കുട്ടികള്‍ തന്നെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതത് തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികള്‍ ഇതിനോട് പ്രതികരിക്കും. തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥിന്റെ അധ്യക്ഷതിില്‍ ചേര്‍ന്ന ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് നവകേരളം കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി വിശദീകരിച്ചു.
യൂസേഴ്‌സ് ഫീ സ്ഥിരമായി കുറവുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. എം.സി.എഫ് ചാര്‍ജ് ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികളുടെയും പരിശീലന ബ്ലോക്ക് അടിസ്ഥാനത്തില്‍ നടത്തും. മാലിന്യ സംസ്‌കരണ മേഖലയിലെ പദ്ധതി സംബന്ധിച്ച വിടവുകള്‍ കണ്ടെത്തി പദ്ധതികള്‍ റിവിഷന്‍ ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാരില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.
മാലിന്യം കൃത്യമായി തരം തിരിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക അവലോകനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഹരിതമിത്രം ആപ്പുമായി ബന്ധപ്പെട്ട പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ശുചിത്വ മിഷന്‍, കെ.എസ്.ഡബ്ല്യു.എം.പി, സി.കെ.സി.എല്‍ കെല്‍ട്രോണ്‍ തുടങ്ങി വിവിധ ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.