* കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യും
വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായ ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്.
2024 മെയ് മാസത്തിൽ തന്നെ പോർട്ട് കമ്മീഷൻ ചെയ്യും. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഇന്നെത്തും. തുറമുഖത്തേക്കുള്ള കൂറ്റൻ ക്രയിനുമായി ചൈനയിൽ നിന്നു ഷെൻഹുവ 29 എന്ന കപ്പലാണ് എത്തുക. നവംബർ 25, ഡിസംബർ 15 എന്നീ തീയതികളിലായി തൂടർന്നുള്ള കപ്പലുകളും എത്തുന്നുണ്ട്. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റൻ ക്രയിനുകളും 24 യാർഡ് ക്രയിനുകളുമാണ് ഇതിലൂടെ എത്തിച്ചേരുക.
അവലോകന യോഗത്തിൽ വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ, അദാനി പോർട്ട് സി.ഇ.ഓ രാജേഷ് ഝാ, ഓപ്പറേഷൻ മാനേജർ സുഷീൽ നായർ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.