കോന്നി മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ആദ്യബാച്ച് പ്രവേശനോത്സവം ആഘോഷമായി. എം എല്‍ എ അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഇവിടെ നഴ്സിംഗ് പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്കും അധ്യയനം നടത്താന്‍ സാധിക്കുമെന്നതു വലിയ കാര്യമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച എംഎല്‍എ പറഞ്ഞു. അതിവേഗം വളരുന്ന മെഡിക്കല്‍ കോളജാണ് കോന്നിയിലേത്. അന്യസംസ്ഥാനത്തേക്കു കേരളത്തിലെ കുട്ടികള്‍ നഴ്സിംഗ് പഠനത്തിനായി പോകുന്നതിനുള്ള പരിഹാരമായാണ് സംസ്ഥാനസര്‍ക്കാര്‍ കേരളത്തില്‍ അതിനുള്ള അവസരമൊരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി വീണാജോര്‍ജിന്റേയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 20 നഴ്സിംഗ് കോളേജ് സര്‍ക്കാര്‍ പുതുതായി അനുവദിച്ചതില്‍ രണ്ടെണ്ണം കോന്നിയിലാണ്. കോളജിന്റെ പുതിയ കെട്ടിടത്തിനായി മൂന്നേക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
60 വിദ്യാര്‍ഥികളാണ് ആദ്യവര്‍ഷക്ലാസുകളിലേക്ക് എത്തിയത്. ഇതില്‍ പതിനാല് പേര്‍ ആണ്‍കുട്ടികളാണ്. കോന്നി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്കില്‍ രണ്ടാമത്തെ ഫ്‌ളോറാണ് നഴ്‌സിംഗ് കോളജിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ക്ലാസ് റൂം, ലാബ്, ഫാക്കല്‍ട്ടി റൂം, പ്രിന്‍സിപ്പല്‍ റൂം, ടോയ്‌ലെറ്റുകള്‍ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി, എക്‌സാമിനേഷന്‍ ഹാള്‍ എന്നിവ മെഡിക്കല്‍ കോളജിന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉപയോഗിക്കും.
നഴ്‌സിംഗ് കോളജിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും എത്തിച്ചിട്ടുണ്ട്. രണ്ട് ഫാക്കല്‍റ്റികളാണ് ഇപ്പോള്‍ നഴ്സിംഗ് കോളേജിലുള്ളത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും എത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ പതിനാറ് വിദ്യാര്‍ഥികളാണ് ആദ്യബാച്ചില്‍ അഡ്മിഷന്‍ നേടിയിരിക്കുന്നത്.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സീനിയര്‍ സൂപ്രണ്ട് സതീശന്‍, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അനുപ, മെഡിക്കല്‍ കോളജ് നഴ്സിംഗ് സൂപ്രണ്ട് എന്‍ സി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.