• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റം വഹിക്കുന്ന വ്യവസായമായി കായികരംഗം മാറി: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റങ്ങൾ വഹിക്കുന്ന വ്യവസായമായി കായിക രംഗം മാറിയെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിൽ സ്പോർട്സ് ഉത്പന്നങ്ങളുടെ നിർമാണം വളരെ കുറവാണ്. ഇന്ത്യയിൽത്തന്നെ ജലന്ധറിലും മീററ്റിലുമാണ് ഈ രംഗത്ത് ഏറ്റവുമധികം നിർമാണം നടക്കുന്നത്. ഇതിനിടയിൽ കേരളത്തിന്റെ സാധ്യത എവിടെയാണെന്നാണ്  സർക്കാർ നോക്കുന്നത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിലെ ‘സ്പോർട്സ്  ഇൻഡസ്ട്രി’ എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സ്പോർട്സുമായി എങ്ങനെ ബന്ധപ്പെടുത്താനാകുമെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോളജി അടിസ്ഥാനമാക്കിയുള്ള കായിക വ്യവസായമാണ് കേരളത്തിൽ കൂടുതൽ സാധ്യമാകുന്നതെന്നു മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളേക്കാൾ കൂടുതലായി കായിക മേഖലയിൽ  നിരവധി സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകുന്നുണ്ട്. പുതിയ ടെക്നോളജി ഈ രംഗത്ത് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ടെക്നോളജി പഠിപ്പിക്കാൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിരവധി കോഴ്സുകളുണ്ട്. സ്പോർട്സ് ഇൻഡസ്ട്രിയിൽ വളർച്ചയുള്ള മറ്റൊരു മേഖല വീഡിയോ ഗെയിംസാണ്. കേരളത്തിനു ഈ മേഖലയിൽ നന്നായി ഇടപെടാനാകും. ടെക്നോളജി  അടിസ്ഥാനമാക്കിയുള്ള ട്രെയിനിങ് പരിപാടികളും കേരളത്തിന് സാധ്യമാകുന്ന കാര്യങ്ങളാണ്. കായികതാരങ്ങളുടെ പരമാവധി കഴിവുകൾ വികസിപ്പിക്കുന്നതിനും അതിലൂടെ സഹായിക്കും.

സ്പോർട്സ് അപ്പാരൽ മാനുഫെക്ചറിങ് യൂണിറ്റ് കേരളത്തിൽ രണ്ടു വർഷമായി വളരുന്നുണ്ട്. ഇൻഡോർ ഗെയിംസ് മാനുഫെക്ചറിങ്ങിലും കേരളത്തിന് നിരവധി കാര്യങ്ങൾ പ്രദാനം ചെയ്യാൻ കഴിയും. കേരളത്തിന്റെ സാധ്യതകളും പരിമിതിയും മനസിലാക്കി കൊണ്ടുള്ള വ്യവസായമാണ് ഇവിടെ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഐ എ എസ്, രാകേഷ് രാജീവ്,  ഡോ. ജെ. രാജ്‌മോഹൻ പിള്ള, പി.ജെ. ജോസഫ്, ജോർജ് ജോസഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.