അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ശ്രദ്ധ നേടി സ്പോർട്സ് എക്സ്പോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച കായിക ഉപകരണങ്ങളുടെ പ്രദർശനമാണു തലസ്ഥാനത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. കായിക ഉപകരണങ്ങൾക്കു പുറമേ ഹെൽത്ത് കെയർ ഉപകരണങ്ങളും ജിം ഉപകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വളരെ കുറഞ്ഞ സ്ഥലത്തു ക്രമീകരിക്കാവുന്ന ഓപ്പൺ ജിം ആണു കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരേ സമയം 16 പേർക്കു വരെ വ്യായാമം ചെയ്യാവുന്ന തരത്തിലുള്ള ഈ ജിം മഹാരാഷ്ട്രയിൽനിന്നുള്ള സമ്മിറ്റ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേ ഇൻഡോർ ജിം ഉപകരണങ്ങളും വിവിധ കമ്പനികൾ മേളയിൽ എത്തിച്ചിട്ടുണ്ട്.
സ്പോർട്സ് മെഡിസിൻ വിഭാഗത്തിലും വ്യത്യസ്തമായ ഉപകരണങ്ങളുടെ പ്രദർശനമുണ്ട്. ഐഐടി മദ്രാസ് വികസിപ്പിച്ച നെട്രിൻ ആപ്പിനെക്കുറിച്ച് അറിയാൻ നിരവധി പേരാണ് എത്തുന്നത്. വ്യായാമത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ ട്രെയ്നറുടെ സഹായമില്ലാതെ ചെയ്യാനാകുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. നാല്പതോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
ഇതിനു പുറമെ നിരവധി മൽസരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബോക്സിങ് മത്സരം കാണാൻ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. സൈക്ലിങ്, ഗോൾഫ്, ആർച്ചറി തുടങ്ങിയ മത്സരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.