• Thu. Dec 26th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഡൽഹിയിലെ ജനകീയ പ്രതിരോധം: എം. കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം

കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.

           ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ മന്ത്രി പി.രാജീവ് ധരിപ്പിച്ചു. കൂടിക്കാഴ്ചയിൽ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ എന്നിവരും പങ്കെടുത്തു. ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികൾ ജന്തർമന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും എം എൽ എമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.