• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

കേരള ബാലസാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബുവിന് മന്ത്രി സമർപ്പിച്ചു. കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിമാരായ കെ ജയകുമാർ, വി.പി ജോയി എന്നിവരടങ്ങിയ ജൂറിയാണ് സമഗ്രസംഭാവന പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

           കഥ/നോവൽ വിഭാഗത്തിൽ കെ.വി. മോഹൻകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. കവിത വിഭാഗത്തിൽ ദിവാകരൻ വിഷ്ണുമംഗലവും വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വൈജ്ഞാനികം വിഭാഗത്തിൽ ഡോ. ടി ഗീന കുമാരി, ശ്രീചിത്രൻ എം.ജെ. എന്നിവരും ശാസ്ത്ര വിഭാഗത്തിൽ സാഗാ ജെയിംസ്, സെബാസ്റ്റ്യൻ പള്ളിത്തോട് (ജീവചരിത്രം), സാബു കോട്ടുക്കൽ (നാടകം), ബോബി എം പ്രഭ (ചിത്രീകരണം) എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പ്രൊഡക്ഷൻ വിഭാഗത്തിൽ പൂർണ പബ്ലിക്കേഷൻ പുരസ്‌കാരം ഏറ്റുവാങ്ങി.

           മഹാത്മാഗാന്ധി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ എൻ.കെ. സുനിൽ കുമാർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സുജ സൂസൻ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.