• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് ജനുവരി 24 മുതൽ

അഗസ്ത്യാർകൂടം സീസണൽട്രക്കിംഗ് 2024ന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെ ആയിരിക്കും ഈ വർഷത്തെ സീസണൽ ട്രക്കിങ്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 10 മുതൽ ഒരു ദിവസം 70 പേർ എന്ന കണക്കിൽ ആരംഭിക്കാനും അനുമതി നൽകി.

ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ അധികരിക്കാതെ ഓഫ്‌ലൈൻ ബുക്കിങ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് അനുവദിക്കാം. ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്താൻ പാടുള്ളു. ട്രക്കിങ് ഫിസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ്ജ് അടക്കം 2500/- (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും. ഒരു ദിവസം അഗസ്ത്യാർകൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാൻസലേഷൻ സീറ്റ് അടക്കം 100 പേരിൽ കൂടുതൽ അനുവദിക്കാൻ പാടില്ല. 14 മുതൽ 18 ൽ കുറഞ്ഞ പ്രായമുള്ളവരെ രക്ഷാകർത്താവിനോടൊപ്പമോ രക്ഷാകർത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ല. ട്രക്കിങിൽ പങ്കെടുക്കുന്നവർ ഏഴു ദിവസത്തിനകം എടുത്ത മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിങ് ആരംഭിക്കുന്നതിന് മുൻപായി ഹാജരാക്കണം.

ഓൺലൈൻ രജിസ്ട്രേഷന്, പങ്കെടുക്കുന്ന ആളുടെ ഫോട്ടോയും സർക്കാർ അംഗീകരിച്ച ഐഡി കോപ്പിയും ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ്‌ ചെയ്യണം. ഫസ്റ്റ് എയിഡ് കിറ്റ്, പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഉറപ്പുവരുത്തണം. പ്രതികൂലമായ കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത തുടങ്ങിയ സാഹചര്യത്തിൽ, ഏത് സമയത്തും ട്രക്കിങ് നിറുത്തി വയ്ക്കാൻ വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.