• Fri. Jan 3rd, 2025

True News Live

Reg. No: UDYAM-KL-06-0032415

അവകാശങ്ങളോടൊപ്പം കർത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ ചെയർമാൻ

അവകാശങ്ങളോടൊപ്പം കർത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപക സമൂഹത്തിന് കഴിയണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. പോലീസ് വകുപ്പും സംസ്ഥാന ബാലാവകാശ കമ്മീഷനും സംയുക്തമായി തിരുവനന്തപുരം റൂറൽ പരിധിയിലെ എസ് പി സി ചുമതലയുള്ള അധ്യാപകർക്ക്  സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

           കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണ്. അവകാശ ലംഘനങ്ങളിൽ ഇടപെടുന്നതോടൊപ്പം ബാലവകാശ കമ്മീഷൻ നയപരമായ വിഷയങ്ങളിൽ ഗവൺമെന്റിന് നിർദേശം നൽകുകയും ചെയ്യുന്നു. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിനായി കുടുംബശ്രീയടക്കമുള്ള വിവിധ സംഘടനകളുമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

           6 വയസ്സുവരെയുള്ള കുട്ടികളെ നിരപരാധികളായി കാണണം. ഒരു വയസ്സു മുതൽ ആറ് വയസ്സുവരെ അവരുടെ മാനസിക വികാസം പ്രാപിക്കുന്ന സമയമെന്ന നിലയിൽ കൂടുതൽ കരുതൽ നൽകേണ്ടതുണ്ട്. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

           തിരുവനന്തപുരം റൂറൽ ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ എസ് സുനന്ദമേനോൻ, ജലജ മോൾ, ഡി വൈ എസ് പി  വി ടി രാശിത്, സബ് ഇൻസ്‌പെക്ടർ എസ് വി ദേവകുമാർ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ എസ് അനിൽ, ശ്രീനേഷ് എന്നിവർ ക്ലാസുകൾ നയിച്ചു.