• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

യുവജനശാക്തീകരണം ഊർജ്ജിതമാക്കി കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ:  ‘ടാലന്റോ 24’ ജനുവരി ഏഴിന്

*പദ്ധതി വഴി പരിശീലനം ലഭിച്ച ആയിരം പേർക്ക് ഓഫർ ലെറ്റർ വിതരണം

          സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ‘ടാലന്റോ 24’ തൊഴിൽദാന ചടങ്ങും പൂർവവിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസിസായ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനുവരി ഏഴിനു കാര്യവട്ടം ട്രാവൻകൂർ ഇൻറർനാഷണൽ കൺവെൻഷൻ സെൻററിലാണ് പരിപാടി.

          തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ‘ടാലൻറോ 24’ ൻറെ ഉദ്ഘാടനവും ടാലൻറോ കണക്ട് വെബ് പോർട്ടലിൻറെ ലോഞ്ചിങ്ങും നിർവഹിക്കും. ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി പരിശീലനം നേടിയ ആയിരം പേർക്കുളള ഓഫർ ലെറ്ററും മന്ത്രി വിതരണം ചെയ്യും.  കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ‘ഡി.ഡി.യു.ജി.കെ.വൈ-ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തെ അധികരിച്ച് എം.ഓ.ആർ.ഡി സ്‌കിൽസ് ജോയിൻറ് സെക്രട്ടറി കർമ സിംപ ഭൂട്ടിയ സംസാരിക്കും. പദ്ധതി വഴി നൈപുണ്യപരിശീലനവും തൊഴിലും ലഭിച്ച 200 പേരുടെ വിജയകഥകൾ ഉൾപ്പെടുത്തിയ ‘ട്രയിൽബ്‌ളേസേഴ്‌സ്’ എന്ന പുസ്തകത്തിൻറെ പ്രകാശനവും നിർവഹിക്കും.

          ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും ജീവിത പുരോഗതിയും കൈവരിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. നാളിതു വരെ പദ്ധതി വഴി 73759 പേർക്ക് വിവിധ കോഴ്‌സുകളിൽ പരിശീലനം നൽകി. 41702 പേർക്ക് തൊഴിലും ലഭ്യമാക്കി. യു.എ.ഇ, യു.കെ, ജർമ്മനി, ഓസ്‌ട്രേലിയ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ലഭ്യമായവരും ഉണ്ട്.

          സാമൂഹ്യസുരക്ഷ ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളും പദ്ധതി വഴി നടപ്പാക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി 952 ആശ്രയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നൈപുണ്യപരിശീലനം നൽകി 432 പേർക്ക് തൊഴിൽ ലഭ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട 1812 കുടുംബങ്ങളിലെ അംഗങ്ങൾക്കും  പരിശീലനം നൽകി. അനാഥരായ 26 പേർക്ക് പരിശീലനം നൽകിയതിൽ 18 പേർക്കും തൊഴിൽ ലഭ്യമാക്കുന്നതിനും കഴിഞ്ഞു.

          പരിപാടിയോടനുബന്ധിച്ച് ഡോ.മാണി പോൾ നയിക്കുന്ന മോട്ടിവേഷണൽ സെഷൻ, പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവർക്കുള്ള അവാർഡ് വിതരണം. കലാസന്ധ്യ എന്നിവയും ഉണ്ടാകും. വിവിധ മേഖലകളിൽ തൊഴിൽ ലഭ്യമായി ജീവിത പുരോഗതി കൈവരിച്ചവരുടെ അനുഭവം പങ്കിടൽ ടാലൻറ് 24ൻറെ മുഖ്യ ആകർഷണമാകും. 

          തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. മേയർ ആര്യാ രാജേന്ദ്രൻ, ഡോ.ശശിതരൂർ എം.പി, അഡ്വ.ഡി.സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സ്വാഗതവും പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ ആർ നന്ദിയും പറയും.