കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബർ ഒന്നിന് അനന്തപുരിയിൽ അരങ്ങുണർന്നപ്പോഴാണ് അമേരിക്കൻ നഗരമായ ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബിൽ ബോർഡിൽ ‘കേരളീയത്തി’ന്റെ അനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചത്.
ഇന്ത്യൻ സമയം രാവിലെ 10.27നാണ് ടൈം സ്‌ക്വയറിൽ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വർത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്‌ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു. ന്യൂയോർക്ക് ടൈം സ്‌ക്വയറിൽ കേരളീയത്തിന്റെ വീഡിയോയും ലോഗോയും നവംബർ ഏഴുവരെ പ്രദർശിപ്പിക്കും. കേരളത്തിന്റെയും കേരളീയം മഹോൽസവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകൽപ്പന ചെയ്ത അനിമേഷൻ വീഡിയോ യും ലോഗോയും ഇന്ത്യൻ സമയം പകൽ 10:27 മുതൽ ഒരുമണിക്കൂർ ഇടവിട്ട് പ്രദർശിപ്പിക്കും.