• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

അതി ദാരിദ്ര്യ നിർമ്മാജ്ജനത്തിലേക്ക് ഒരു ചുവട് കൂടി;

*ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു

            അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് പ്രധാന ചുവടുവെപ്പുമായി കേരളം. അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനം കേരളീയം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയുടെ തത്സ്ഥിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ കൈമാറി. 

            കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തമാണ് അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനത്തിലൂടെ ലോകത്തിന് മുമ്പാകെ ഉയർത്തിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ 2021 ലെ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്‌സ് പ്രകാരം 0.7 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് വളരെ ചുരുങ്ങിയ അളവായിട്ടും വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരാനാണ് 2021 മേയ് മാസത്തിൽ അതി ദാരിദ്ര്യം സംസ്ഥാനത്ത് നിന്നു തുടച്ചുനീക്കാനുള്ള ബൃഹദ് പദ്ധതിക്ക് കേരളം തുടക്കമിട്ടത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പദ്ധതിയാണ് കേരളം വിഭാവനം ചെയ്തത്.

            64,006 കുടുംബങ്ങളിൽപ്പെട്ട 1,030,99 പേരെയാണ് അതി ദാരിദ്ര്യം അനുഭവിക്കുന്നവരായി നാം സർവേ വഴി കണ്ടെത്തിയത്. ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിൽ മൈക്രോ പ്ലാനുകളും ഉപ പദ്ധതികളും തയാറാക്കി. ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാകാനാണ് പ്രഥമപരിഗണന നൽകിയത്. അതിനു പുറമേ അവകാശ രേഖകൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവയും ലഭ്യമാക്കി. അതിദരിദ്രരെന്ന് കണ്ടെത്തിയവരിൽ 40 ശതമാനം പേരെ ഇത്തരം പ്രവർത്തനങ്ങളിലൂടെ 2023 നവംബർ ഒന്നോടെ ഈയവസ്ഥയിൽ നിന്ന് മോചിപ്പിക്കണമെന്ന ലക്ഷ്യം മറികടക്കാൻ നമുക്കായി.   പട്ടികയിലെ 64 ,006 കുടുംബങ്ങളിൽ 30,658 കുടുംബങ്ങളെ (47.89 ശതമാനം) ഇതിനകം അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

            2024  നവംബർ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 2025 നവംബർ ഒന്നോടെ  അതിദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.