• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

*വെള്ളം കയറിയ ഇടങ്ങളിലെ പകർച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

*വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരും ഡോക്സിസൈക്ലിൻ കഴിക്കണം

വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധം വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. എലിപ്പനിക്കു വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തിയിരുന്നു. പനി കേസുകൾ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാൽ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവർത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിക്കെതിരെ ജാഗ്രതാ നിർദേശം നൽകണം. ഡെങ്കിപ്പനിക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ക്യാമ്പുകളിൽ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോൾ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ ജാഗ്രത ഏറെ പ്രധാനം

വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ വർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കണം. 100 മില്ലിഗ്രാമിന്റെ 2 ഗുളികകൾ (200 മില്ലി ഗ്രാം) ആഴ്ചയിലൊരിക്കലാണ് കഴിക്കേണ്ടത്. തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഡോക്സിസൈക്ലിൻ ഗുളിക സൗജന്യമായി ലഭ്യമാണ്. എലി, പട്ടി, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും മറ്റ് വിസർജ്യങ്ങളും കലർന്ന വെള്ളത്തിലൂടെയാണ് മനുഷ്യരിലേക്ക് എലിപ്പനി പകരുന്നത്. കൈകാലുകളിലെയും, മറ്റ് ശരീര ഭാഗങ്ങളിലെയും മുറിവുകൾ, കണ്ണിലെയും വായിലെയും നേർത്ത തൊലി എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിലെത്തുന്നത്. വെളളവുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് എലിപ്പനി സാധ്യത വെളിപ്പെടുത്തുകയും ചികിത്സ തേടുകയും വേണം. സ്വയം ചികിത്സ പാടില്ല. തുടക്കത്തിലെ ശരിയായ ചികിത്സ ലഭിച്ചാൽ എലിപ്പനി ഭേദമാക്കാൻ കഴിയും. ചികിത്സ താമസിച്ചാൽ രോഗം സങ്കീർണ്ണമാകുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴുകി വൃത്തിയാക്കുക. ബ്ലീച്ചിംഗ് പൗഡർ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക.

· കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക

· മലിനമായ കിണറുകൾ, ടാങ്കുകൾ കുടിവെള്ള സ്രോതസുകൾ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുക

· വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക

· ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പാത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം കൊണ്ട് കഴുകുക

· പാചകം ചെയ്യാൻ ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം മാത്രം ഉപയോഗിക്കുക

· തിളപ്പിച്ചാറിയ വെള്ളം കുടിക്കുക

· വീടിന് പുറത്തിങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുക

· കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകുന്നതിനുള്ള സാധ്യതയുണ്ട്

· ശുചീകരണം നടത്തുമ്പോൾ വിഷപ്പാമ്പുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കടിയേറ്റാൽ ഉടൻ തന്നെ ചികിത്സ തേടണം.