• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

മാലിന്യമുക്ത നവകേരളം : പുനലൂര്‍ നഗരസഭ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

പുനലൂര്‍ : കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ടിബി ജംഗ്ഷനില്‍ പുനലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത സൈക്കിള്‍ റാലി ഫ്ലാഗ്ഓഫ്‌ ചെയ്യും. നഗരസഭ കൌണ്‍സിലര്‍മാര്‍ വിദ്യാര്‍ഥികള്‍ കായിക താരങ്ങള്‍ മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ റാലിയുടെ ഭാഗമാകും.

ടിബി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി പുനലൂര്‍ ടൌണ്‍ ചുറ്റി കെഎസ്ആര്‍ടിസി സ്റാന്‍ഡില്‍ സമാപിക്കും. കേരള സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ പ്രചരണാര്‍ത്ഥം ആണ് റാലി സംഘടിപ്പിക്കുന്നത്.

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിൻറെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും പ്രതിജ്ഞയോടെ ആരംഭിക്കും.

പ്രതിജ്ഞ

“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”