കൊല്ലം : ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഒരുങ്ങിയ 29വീട് തിളങ്ങുന്നത് സൗരോർജ പ്രഭയിൽ. പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും വരുമാനവും ഉറപ്പാക്കുന്ന ഹരിതോർജ വരുമാന പദ്ധതിയുടെ ഭാഗമായാണിത്. അനെർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയിൽ 29ലൈഫ് പദ്ധതി വീട്ടിലാണ് ആദ്യഘട്ടം പ്ലാന്റ് സ്ഥാപിച്ചത്.
കെഎസ്‌ഇബി മണപ്പള്ളി സെഷനില്‍ 12 വീടാണ് സൗരോർജത്തിൽ തിളങ്ങുന്നത്. ശാസ്‌താംകോട്ടയിൽ ആറ്, കണ്ണനല്ലൂർ, കുന്നത്തൂർ എന്നിവിടങ്ങളിൽ നാലു വീതവും തെന്മല, ചെങ്ങമനാട്, കരുനാഗപ്പള്ളി നോർത്ത് എന്നിവിടങ്ങളിൽ ഒന്നുവീതം വീട്ടിലും പ്ലാന്റ് പ്രവർത്തിക്കുന്നു. രണ്ട് കിലോവാട്ട് വീതം ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സൗജന്യമായി സ്ഥാപിച്ചാണ് വൈദ്യുതി ലഭ്യമാക്കിയത്. 200 ചതുരശ്രയടി ഭൂമിയാണ് ഉപയോഗിച്ചത്. 25വർഷം പ്രവർത്തന ശേഷിയുള്ളതാണ് പ്ലാന്റ്. ഒരു വീടിന് 1,35,000 രൂപയാണ് ചെലവ്. ഇതിൽ 95,725 രൂപയും സംസ്ഥാന സർക്കാർ വിഹിതമാണ്. 39,275 രൂപയാണ് കേന്ദ്രവിഹിതം.
ദിവസം എട്ടു യൂണിറ്റ് വൈദ്യുതി ഈ പ്ലാന്റിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്. വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെഎസ്‌ഇബിക്ക് നൽകുന്നതിലൂടെ വർഷം 4000 രൂപ വരെ അധിക വരുമാനവും ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷൻ നിശ്ചയിച്ചിട്ടുള്ള 3.22രൂപയാണ് യൂണിറ്റിന് ഉടമയ്‌ക്ക് ലഭിക്കുക. ഇൻഡക്‌ഷൻ സ്റ്റൗ, ഇ– വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നവരാണെങ്കിൽ ഗ്യാസ്, പെട്രോൾ വിലയിൽ ഗണ്യമായ ലാഭം കൈവരിക്കാനാകും.