ഹാങ്ചൗ: 2023ലെ ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ 12ലെത്തിയത്. പൂള്‍ സിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 3-2നാണ് ഇന്ത്യ കൊറിയയെ തകര്‍ത്തത്. ആദ്യ സെറ്റ് നഷ്ടമായ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടിയാണ് തിരിച്ചുവന്നത്. സ്‌കോര്‍: 25-27, 29-27, 25-22, 20-25, 17-15
ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് തവണ സ്വർണ്ണ മെഡൽ ജേതാക്കളായ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1966 മുതലുള്ള എല്ലാ ഏഷ്യന്‍ ഗെയിംസുകളിലെ പുരുഷ വോളിബോളില്‍ സൗത്ത് കൊറിയ മെഡല്‍ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ കൊറിയയാണ് ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ ഇന്ത്യയോട് പരാജയം വഴങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ കംബോഡിയയെ ഇന്ത്യ 3-0ന് തകര്‍ത്തിരുന്നു.